ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം ഇന്ന് പട്ടിത്തറ പഞ്ചായത്ത് എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശവും പരിസരഗ്രാമങ്ങളും പുരാതീനകാലം മുതല്‍ വൈദികസംസ്കാരത്തിന്റെയും, വിഗ്രഹാരാധനയുടെയും കളിത്തൊട്ടിലായിരുന്നു. ശങ്കരാചാര്യരുടെ പിന്‍മുറക്കാരായ വൈദികശ്രേഷ്ഠന്‍മാര്‍ യാഗാദികര്‍മ്മങ്ങളില്‍ വ്യാപൃതരായി വര്‍ത്തിച്ചിരുന്ന നിരവധി ക്ഷേത്രങ്ങള്‍ ഈ പ്രദേശത്ത് നിലനിന്നിരുന്നു. അന്ന് ക്ഷേത്രങ്ങള്‍ വെറും ആരാധനാലയങ്ങള്‍ മാത്രമായിരുന്നില്ല. രാജ്യഭരണത്തിന്റെയും നീതിന്യായ നടപടികളുടെയും സിരാകേന്ദ്രം കൂടിയായിരുന്നു. അങ്ങനെ വൈദികാചാര്യന്‍മാരുടെ, ഭട്ടികളുടെ തറയാണ് പിന്നീട് പട്ടിത്തറയായി മാറിയതെന്ന് വിശ്വസിക്കപ്പെടുന്നു. വരാഹമൂര്‍ത്തിയെ പ്രതിഷ്ഠിച്ച പന്നിയൂര്‍ ക്ഷേത്രവും, പഴയ ഭരണസമ്പ്രദായത്തിലെ ഒരു ഘടകമായ പന്നിയൂര്‍ ഗ്രാമവും ഈ പ്രദേശത്തിന്റെ പൂര്‍വ്വചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. പഴയ പന്നിയൂര്‍ ഗ്രാമത്തിന്റെ ഭരണതലസ്ഥാനമായിരുന്ന തലക്കച്ചേരിയാണത്രേ ഇന്നത്തെ തലക്കശ്ശേരി. നികുതിപിരിവ്, നീതിന്യായം, കാര്‍ഷികവൃത്തി തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന ഭരണസംവിധാനങ്ങള്‍ അക്കാലത്ത് ഇവിടെ നിലവിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. കവികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്വാതന്ത്ര്യസമരസേനാനികള്‍ തുടങ്ങിയ നിരവധി പേരുടെ ജീവിതംകൊണ്ട് ധന്യമായ പ്രദേശമാണിത്. സാമൂഹ്യപരിഷ്കര്‍ത്താവും സാഹിത്യകാരനുമായിരുന്ന വി.ടി.ഭട്ടതിരിപ്പാട് ആദ്യകാലത്ത് താമസിച്ചിരുന്ന രസികസദനം പഞ്ചായത്തിന്റെ ഹൃദയഭാഗമായ ആലൂരിലായിരുന്നു. റഫറണ്ടം പ്രചാരണത്തിനായി ഒട്ടേറെ ദേശീയനേതാക്കള്‍ രസികസദനത്തില്‍ എത്തിയിരുന്നു. രാജഗോപാലാചാരി, കസ്തൂര്‍ബാഗാന്ധി, ഊര്‍മ്മിളാഗാന്ധി എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. പ്രസിദ്ധമായ പന്തിഭോജനത്തിനും രസികസദനം സാക്ഷിയായിട്ടുണ്ട്. എല്ലാ ജാതിക്കാരേയും ഒരുമിച്ചൊരു പന്തലിരുത്തി നടത്തിയ പന്തിഭോജനം കേരളത്തിലെ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളിലെ ഒരു നാഴികകല്ലായിരുന്നു. മാറുമറയ്ക്കാതെ മറക്കുടക്കുള്ളില്‍ മാത്രം കഴിഞ്ഞുകൂടിയിരുന്ന അന്തര്‍ജ്ജനങ്ങള്‍ കേരളത്തിലാദ്യമായി ബ്ളൌസ് ധരിച്ചുകൊണ്ട് മറക്കുട വലിച്ചെറിഞ്ഞത് ഇന്നത്തെ ആലൂര്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുവെച്ചാണ്. അതുപോലെ കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ വിധവാവിവാഹം നടന്നതും ആലൂരിലാണ്. വി.ടി.യുടെ പത്നി ശ്രീദേവി അന്തര്‍ജ്ജനത്തിന്റെ സഹോദരി ആര്യ അന്തര്‍ജ്ജനം എന്ന വിധവയെ വിവാഹം ചെയ്തത് വി.ടി.യുടെ സഹപ്രവര്‍ത്തകനായ എം.ആര്‍.ഭട്ടതിരിപ്പാടാണ്. ഇതിനു മുന്‍കൈ എടുത്തത് വി.ടി ആയിരുന്നു. ഇ.എം.എസ്, കെ.കേളപ്പന്‍, സഹോദരന്‍ അയപ്പന്‍, മന്നത്തു പത്മനാഭന്‍ തുടങ്ങിയ മഹാരഥന്‍മാരെല്ലാം ഈ വിവാഹത്തിന് സാക്ഷികളായിരുന്നു. ആ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരേയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സാമൂതിരി വിലക്കി. നാടുവാഴിത്തവും ബ്രാഹ്മണമേധാവിത്വവും കൊടികുത്തിവാണിരുന്ന പഴയ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ കൃഷിഭൂമി ജന്‍മിയുടെയും, എന്നാല്‍ കൃഷി ചെയ്തിരുന്നത് കുടിയാന്‍മാരുമായിരുന്നു. സമഗ്രഭൂപരിഷ്കരണ നിയമം വയലിലിറങ്ങി പണിയെടുത്തിരുന്നവനെ വയലിന്റെ ഉടമയാക്കി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പട്ടിത്തറയില്‍ ഒരു സ്കൂള്‍ സ്ഥാപിതമായിരുന്നു. സമൂഹത്തിന് സംഭവിച്ച മാറ്റത്തിന്റെ ഫലമായി ഏവരും കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കാന്‍ സന്നദ്ധരായതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു സ്കൂളുകള്‍ കൂടി സ്ഥാപിക്കപ്പെട്ടു. ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ചുവെന്ന് പറയപ്പെടുന്ന കാങ്കപ്പുഴ-തൃത്താലറോഡും, പൊന്നാനി തൃത്താല റോഡുമാണ് പഞ്ചായത്തിലെ ആദ്യറോഡുകള്‍.